'നവോത്ഥാനമാനവികതയും അന്ധവിശ്വാസങ്ങളും' ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍ നടന്നു

News Desk

യുക്തിയുടെ ഗ്രഹണകാലം' പുസ്തകം കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം: കെ. ടി. കുഞ്ഞികണ്ണൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'യുക്തിയുടെ ഗ്രഹണകാലം' എന്ന പുസ്തകം ആരോഗ്യവകുപ്പ് മുൻമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ പ്രൊഫ. കെ. പാപ്പൂട്ടി പുസ്തകം ഏറ്റുവാങ്ങുകയുണ്ടായി. പുനരുജ്ജീവനത്തിന്റെ രാഷ്ട്രീയം ബോധപൂർവ്വം അന്ധവിശ്വാസങ്ങളെയും യുക്തിരാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുമ്പോൾ യുക്തിയുടെ ഗ്രഹണകാലം പോലെ ഒരു പുസ്തകം ദേശീയശാസ്ത്രദിനമായ ഫെബ്രുവരി 28ന് തന്നെ പ്രകാശിപ്പിക്കാൻ സാധിച്ചതിന്റെ പ്രസക്തി കെ. കെ. ശൈലജ ടീച്ചർ ചൂണ്ടിക്കാട്ടി സംസാരിച്ചു.



കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് ഐ. ക്യു. എ. സി ഹാളിൽ നടന്ന പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന പുസ്തകം പരിചയപ്പെടുത്തി. തുടർന്നു നടന്ന സെമിനാറിൽ കപടശാസ്ത്രങ്ങൾ അരങ്ങു വാഴുന്ന ഇന്ത്യ, പുനരുജ്ജീവനത്തിന്റെ രാഷ്ട്രീയം, മതാന്ധതയെ അപനിർമ്മിക്കുന്ന കാവ്യപക്ഷങ്ങൾ എന്നീ വിഷയങ്ങളില്‍ യഥാക്രമം പ്രൊഫ. കെ. പാപ്പൂട്ടി, കെ. ടി. കുഞ്ഞിക്കണ്ണൻ, വിനോദ് വൈശാഖി തുടങ്ങിയവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എസ്. സുബ്രഹ്മണ്യൻ, മലയാളവിഭാഗം മേധാവി ഡോ. ശ്രീകുമാർ സമ്പത്ത്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയാവർഗീസ്, സീനിയർ റിസർച്ച് ഓഫീസർ ഡോ. ഗംഗ. റ്റി, മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. ഷെറീനാ റാണി ജി. ബി. എന്നിവരും സംസാരിക്കുകയുണ്ടായി.
Tags