പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് കൂടുതല്‍ നിയമസംരക്ഷണം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം
June 30, 2022
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് കൂടുതല്‍ നിയമസംരക്ഷണം, കേസുകള്‍ വേഗത്തില്‍ തീര്‍പാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് കൂടുതല്‍ നിയമസുരക്ഷ ഉറപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഒരു കാലതാമസം വരുത്തരുതെന്ന് മന്ത്രാലയം അറിയിച്ചു.
കോടതി കേസുകളില്‍ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും ഇവര്‍ കൃത്യമായി വിസ്താരത്തിന് എത്തുന്നുണ്ടെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഉത്തരവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളിലും വേഗത്തില്‍ നീതി ഉറപ്പാക്കണം. എഫ്.ഐആര്‍ രേഖപ്പെടുത്തുന്നത് മുതല്‍ കോടതി കേസ് തീര്‍പ്പാക്കുന്നത് വരെ ശരിയായ മേല്‍നോട്ടം ഉറപ്പാക്കാനാണ് ഈ പുതിയ നിര്‍ദേശം.
കേസുകളുടെ അന്വേഷണം 60 ദിവസത്തില്‍ കൂടുതല്‍ വൈകിപ്പിച്ചാല്‍ ജില്ല, സംസ്ഥാന തലത്തില്‍ ഉടൻ പരിശോധന നടത്തും. അടിയന്തര സാഹചര്യമാണെങ്കില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ജില്ല പൊലീസ് സൂപ്രണ്ടിനെയും നിയമിക്കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗം കൂടുതല്‍ വേട്ടയാടപ്പെടുന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സംരക്ഷണത്തിനായി 1989ലെ എസ്.സി, എസ്.റ്റി നിയമം 2015ല്‍ ഭേദഗതി വരുത്തിയിരുന്നു.ഇതു ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതിനാണ് പുതിയ നിർദേശം.