'ഷവര്‍മ' നിരോധിക്കുന്നത് പരിഗണനയിലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി
May 08, 2022
ഷവര്‍മ' നിരോധിക്കുന്നത് പരിഗണനയിലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി
ചെന്നൈ: സംസ്ഥാനത്ത് 'ഷവര്‍മ'യുടെ നിര്‍മാണവും വില്‍പനയും നിരോധിക്കുന്നത് സര്‍ക്കാറിന്‍റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം.
ഞായറാഴ്ച സംസ്ഥാനമൊട്ടുക്കും സംഘടിപ്പിച്ച കോവിഡ് മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്ഘാടനം സേലത്ത് നിര്‍വഹിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
കേരളത്തില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിക്കുകയുണ്ടായി . പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം ഷവർമ കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല.
ഷവര്‍മ കൂടുതലായും യുവാക്കളാണ് ഭക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പന കേന്ദ്രങ്ങളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ നിലയില്‍ സംസ്ഥാനത്ത് ഷവര്‍മക്ക് നിരോധനമേർപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും മന്ത്രി പറയുകയുണ്ടായി.